2009 ല്‍ ശ്രീലങ്കയില്‍ തമിഴ് വിമോചനപ്പോരാട്ടങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് ആഭ്യന്തരയുദ്ധത്തിനു വിരാമമിട്ട രാജപക്ഷെ ഭരണം ലോകശ്രദ്ധപിടിച്ചു പറ്റിയിരുന്നു. എന്നാല്‍ തുടര്‍ന്ന് തികഞ്ഞ ഏകാധിപത്യപ്രവണതയും ഫാസിസ്റ്റ് രീതിയിലുള്ള അടിച്ചമര്‍ത്തലുംകൊണ്ട് ലോകരാജ്യങ്ങളുടെ വിമര്‍ശനത്തിനും നിരീക്ഷണത്തിനും വിധേയമായി വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഈഴത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍ക്കാരിനെ ന്യായീകരിക്കാനെത്തുന്ന സിനിമാ നിര്‍മ്മാണസംഘത്തിലൂടെയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി വികസിക്കുന്നത്. മലയാളസാഹിത്യത്തില്‍ അടുത്തിടെ ഏറ്റവുമധികം വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ആഭ്യന്തരയുദ്ധാനന്തരമുള്ള ശ്രീലങ്കയുടെ പരിപ്രേക്ഷ്യത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭരണവും സൈന്യവും മാധ്യമവും സമ്പൂര്‍ണ്ണമായി പ്രസിഡന്റിന്റെ നിയന്ത്രണത്തിന്‍ കീഴിലാണെന്നും മനുഷ്യത്വരഹിതമായ അടിച്ചമര്‍ത്തലുകളിലൂടെ അവിടെ സ്വേച്ഛാധിപത്യരീതിയിലുള്ള ഭരണമാണ് നടക്കുന്നതെന്നം നോവല്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വിലപിച്ചവര്‍ക്കുമേല്‍ ഒരിക്കല്‍ കൂടി പ്രസിഡന്റ് വിജയം നേടുന്നതോടെ അവസാനിക്കുന്ന നോവല്‍ പോരാട്ടം തുടരുകയാണെന്ന സൂചന നിലനിര്‍ത്തുന്നു. ആഭ്യന്തര പോരാട്ടങ്ങളുടെയും ഇടയില്‍ നട്ടംതിരിയുന്ന സാധാരണക്കാരന്റെയും വനിതകളുടെയും വേദനയാണ് നോവലില്‍ ചിത്രീകരിക്കുന്നത്. ഇത്തരം വസ്തുതകളെ ശരിവക്കും വിധം, രാജപക്ഷെ തീര്‍ത്തും അവഗണിച്ച തമിഴ് വംശജരുടെയും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുടെയും വോട്ടുകള്‍ സമാഹരിച്ചാണ് മൈത്രിപാല സിരിസേന വിജയിച്ചത് എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കണക്കാക്കുന്നത്. ഹിംസ തോല്‍ക്കുന്നിടത്ത് ജനാധിപത്യം വിജയിക്കുന്ന അവസ്ഥ തന്നെയാണ് നോവലിലും അന്തര്‍ലീനമായി കിടക്കുന്നത്.
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി | Sugandhi Enna Andal Devanayaki

ISBN: 8126452323
ISBN 13: 9788126452323
Publication Date: November, 2014
Publisher: DC Books
Pages: 296
Format: Paperback
Author: T.D. Ramakrishnan